ന്യൂഡൽഹി: സിബിഎസ്ഇയുടെ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. 85.20 ശതമാനം വിദ്യാർഥികളാണ് വിജയിച്ചത്. കഴിഞ്ഞ വർഷം 88.39 ആയിരുന്നു വിജയശതമാനം. ഇത്തവണ മൂന്ന് ശതമാനത്തിലേറെ കുറവ്.
പരീക്ഷ എഴുതിയ 88.86 ശതമാനം പെണ്‍കുട്ടികൾ പാസായപ്പോൾ ആണ്‍കുട്ടികളുടെ വിജയശതമാനം 82.13 ശതമാനമാണ്. പരീക്ഷ എഴുതിയ മുഴുവൻ ട്രാൻസ്ജെൻഡർ വിദ്യാർഥികളും വിജയിച്ചിട്ടുണ്ട്.
മേഖല തിരിച്ചുള്ള കണക്കിൽ 95.62 വിജയശതമാനത്തോടെ തിരുവനന്തപുരം ഒന്നാമതെത്തി. ചെന്നൈ (93.84%), ബംഗളൂരു (93.19%) മേഖലകളാണ് തിരുവനന്തപുരത്തിനു പിന്നിൽ. 72.43 മാത്രം വിജയശതമാനമുള്ള പ്രയാഗ്രാജാണ് പട്ടികയിൽ ഏറ്റവും പിന്നിലുള്ളത്.
സിബിഎസ്ഇയുടെ ഒൗദ്യോഗിക വെബ്സൈറ്റുകളായ cbse.gov.in, cbseresults.nic. in എന്നിവിടങ്ങളിലൂടെയും ഡിജിലോക്കർ, ഉമാംഗ് ആപ്പുകളിലൂടെയും ഫലമറിയാം. വിദ്യാർഥികളിൽ അനാരോഗ്യകരമായ മത്സരം ഒഴിവാക്കുന്നതിനായി മെറിറ്റ് ലിസ്റ്റ് സിബിഎസ്ഇ ഇത്തവണ പ്രസിദ്ധീകരിച്ചിട്ടില്ല.